Kerala
വയനാട്: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
അസി. സര്ജന് ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍ പാലത്തുപറമ്പ് മംഗലത്ത് പി.ആര്. രാജീവ് (31) എന്നിവരെ വ്യാഴാഴ്ച രാവിലെയാണ് വാടാനക്കവലയില്‍ നിന്ന് പിടികൂടിയത്.
സംഭവശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ബിഎന്‍എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണ്.
ഇക്കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ പ്രതികള്‍ സഹപ്രവര്‍ത്തകയായ ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചത് ഡോ. ജിതിന്‍രാജ് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു അക്രമം.
ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോക്ടറെ ഇവര്‍ അസഭ്യം പറയുകയും കഴുത്തിനു കുത്തിപിടിച്ചും നെഞ്ചില്‍ കൈകൊണ്ട് ഇടിച്ചും കാല് കൊണ്ട് ചവിട്ടിയും കൈ വിരല്‍ പിടിച്ച് തിരിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഡോക്ടറുടെ ഇടതു കൈയുടെ ചെറുവിരലിന് പൊട്ടലുണ്ടായി. പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.വി മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
International
ലണ്ടൻ: കേംബ്രിഡ്ജ്ഷെയറിൽ ട്രെയ്നിലുണ്ടായ കത്തിക്കുത്തിൽ നിരവധിപേർക്ക് പരിക്ക്. ഡോണ്കാസ്റ്ററില്നിന്ന് ലണ്ടന്‍ കിംഗ്സ് ക്രോസിലേക്കുള്ള പാസഞ്ചര്‍ ട്രെയ്നിലാണ് ആക്രമണമുണ്ടായത്. ഒൻപത് പേരുടെ നില ഗുരുതരമാണ്. രണ്ടുപേരെ അറസ്റ്റു ചെയ്തു.
ട്രെയിന്‍ ഹണ്ടിങ്ടൻ സ്റ്റേഷനിൽ പിടിച്ചിട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. ആശങ്കാജനമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
ട്രെയിനിലുണ്ടായിരുന്നവരെ ബസുകളിൽ സ്റ്റേഷനിൽനിന്ന് നീക്കി. പോലീസ് അന്വേഷണം ആരംഭിച്ചു. രക്തത്തിൽ കുളിച്ച് നിരവധിപേർ പ്ലാറ്റ്ഫോമിലൂടെ ഓടുന്നതു കണ്ടതായി ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനില്‍ ട്രെയ്ന്‍ സര്‍വീസുകള്‍ തടസപ്പെട്ടതായി ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
Kerala
താമരശേരി: അമ്പായത്തോട്ടിലെ കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്കട്ടിനെതിരേ ജനകീയ പ്രതിഷേധത്തിന്റെ മറവില്‍ നടന്ന അ്രകമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടപടി തുടങ്ങി.
രണ്ടുപേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കൂടത്തായി ആലപ്പൊയില്‍ എ.പി.റഷീദ് (53), താമരശേരി ചുണ്ടക്കുന്ന് കെ.എന്‍. ബാവന്കുട്ടി (71) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ കൃത്യമായ തെളിവുകള്‍ ലഭിച്ചതായി ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു.
ബാവന്കുട്ടി ആം ആദ്മി പാര്‍ട്ടി അംഗവും സമരസമിതി പ്രവര്‍ത്തകനുമാണ്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും താമരശേരി ഇന്‍സ്പെക്ടര്‍ സായൂജ്കുമാറിനു മര്‍ദനമേല്‍ക്കുകയും ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ്.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 74 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും പ്രതികളെ കണ്ടെത്താന്‍ വീടുകളില്‍ പരിശോധന നടത്തിയേ തീരൂ എന്നും ഡിഐജി പറഞ്ഞു.
വീഡിയോ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച് പ്രതികളുടെ പങ്ക് ഉറപ്പുവരുത്തും. നിരപരാധിയായ ഡിവൈഎഫ്ഐ നേതാവിനെതിരേ കേസെടുത്തുവെന്ന സംഘടനയുടെ ആരോപണം സംബന്ധിച്ച്, തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു ഡിഐജിയുടെ പ്രതികരണം. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞ രാത്രികളില്‍ കരിമ്പാലക്കുന്ന്, കുടുക്കില്‍ ഉമ്മരം, അമ്പലമുക്ക്, കൂടത്തായി തുടങ്ങിയ പ്രദേശങ്ങളില്‍ പോലീസ് വ്യാപകമായി റെയ്ഡ് നടത്തി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത എട്ടുകേസുകളിലായി അഞ്ഞൂറോളം പേര് പ്രതികളാണ്. അതിനിടെ, ഫ്രഷ് കട്ടിലെ ജീവനക്കാരന്റെ പരാതിയിലും സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന ആരോപണം ആവര്‍ത്തിക്കുകയാണു സിപിഎം.
തങ്ങളുടെ നേതാവിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് പോലീസ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി.മെഹ്റൂഫിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പോലീസ് കേസെടുത്തിട്ടുണ്ട്.